Categories

ഗർഭകാലം

ഗർഭകാലം

ഗർഭകാലം

ഗർഭകാലം എന്നത് ഏതൊരു സ്ത്രീയും ഏറ്റവും കൂടുതൽ ശ്രദ്ധയും കരുതലും എടുക്കേണ്ടുന്ന സമയമാണ്.

അമ്മേ, ഞാൻ കൂടെയുണ്ട്

ഗർഭധാരണം മുതൽ പ്രസവം വരെ ആഹാരത്തിലും ജീവിതചര്യകളിലുമുളള ശ്രദ്ധയും ഔഷധങ്ങളും എല്ലാം ചേർന്നതാണ് ഗർഭകാലചര്യ. ഗർഭകാലം തുടങ്ങുന്നത് മുതൽ ഓരോ മാസം തോറും ഗർഭിണിയുടെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളേയും കുഞ്ഞിന്റെ വളർച്ചയേയും ആശ്രയിച്ചാണ് ഓരോ മാസത്തേയും ഔഷധങ്ങൾ നിർദേശിക്കുന്നത്. ആദ്യത്തെ മൂന്നു മാസങ്ങളിൽ വളരെ കുറച്ച് ഔഷധങ്ങൾ മാത്രമേ വേണ്ടതുളളൂ.

 • ദഹനത്തിന് അനുസരിച്ച് പാൽ, നെയ്യ് ഇവ ചെറിയ അളവിൽ ഉപയോഗിക്കാം.
 • കലശലായ ഛർദ്ദിയും മറ്റു രോഗങ്ങളും ഉളളവർ അതിനനുസരിച്ചുളള മരുന്നുകളും കഴിക്കണം.
 • മത്സ്യമാംസങ്ങൾ, കപ്പ, ചക്ക ഇവ ആദ്യ മൂന്നുമാസങ്ങളിൽ ഒഴിവാക്കാം. ദഹിക്കാൻ അധികം ബുദ്ധിമുട്ടില്ലാത്തതും ഗർഭവളർച്ചയ്ക്ക് സഹായിക്കുന്നതുമായ ആഹാരമാണ് തിരഞ്ഞെടുക്കേണ്ടത്.
 • ആദ്യത്തെയും അവസാനത്തെയും മൂന്നുമാസങ്ങളിൽ ലൈംഗികബന്ധം ഒഴിവാക്കുന്നതാണ് നല്ലത്.

ഗർഭിണിയുടെ വസ്ത്രധാരണത്തിൽ പോലും ആയുർവേദം നിർദേശങ്ങൾ നൽകുന്നുണ്ട്;

 • ഇളം നിറങ്ങളിലുളള അയഞ്ഞതും അലക്കി വെളുപ്പിച്ചതും മിനുസമുളളതുമായ കോട്ടൺ വസ്ത്രങ്ങളാണ് ഗർഭിണി ഉപയോഗിക്കേണ്ടത്.
 • ചുവപ്പ് പോലെയുളള കടും നിറങ്ങൾ ഒഴിവാക്കാം. ബെഡ്ഷീറ്റ് പോലും മിനുസമുളളതാവണം.
 • കനം കുറഞ്ഞ പുതപ്പാകണം ഉപയോഗിക്കേണ്ടത്.

ഗർഭകാലം മൂന്ന് ഘട്ടങ്ങളായാണ് വിഭജിക്കുന്നതെന്ന് മുമ്പ് പറഞ്ഞുവല്ലോ. ഓരോ ഘട്ടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും സേവിക്കേണ്ട ഔഷധക്രമവും ഇനി പറയാം.

ആദ്യഘട്ടം

ഗർഭത്തിന്റെ ആദ്യലക്ഷണങ്ങളായി ഓക്കാനം, ഛർദി, വായിൽ വെളളമൂറുക, ക്ഷീണം, തലകറക്കം ഇവ അനുഭവപ്പെടാം. ‌‌അവസാന ആർത്തവത്തിന്റെ ആദ്യദിവസം തുടങ്ങി നാൽപത് ആഴ്ചയാണ് പൂർണഗർഭകാലം.

 • ഈ അവസ്ഥയിൽ മലർ ചൂടാക്കിപ്പൊടിച്ചത് കൽക്കണ്ടം ചേർത്തു കഴിക്കുന്നതും മലർക്കഞ്ഞി സ്വൽപം ഉപ്പു ചേർത്ത് കഴിക്കുന്നതും ഛർദ്ദി നിൽക്കാനും ക്ഷീണമകറ്റാനും സഹായിക്കും.
 • ഇളനീർ ഇടയ്ക്കിടെ കുടിക്കുന്നതും നല്ലതാണ്.
 • ഛർദ്ദി ഉളളവർ വില്വാദിലേഹം 1–2 ഗ്രാം വീതം 5–6 തവണകളായി വായിലിട്ട് അലിയിച്ചിറക്കിയാൽ അതിനു ശമനമുണ്ടാകും. ദഹനം ക്രമപ്പെടുത്താനും നല്ലതാണ്.
 • ഗർഭരക്ഷിണീ ഗുളിക (മഹാധാന്വന്തരം) ഒന്നു വീതം രാവിലെയും വൈകുന്നേരവും ജീരകവെളളത്തിൽ ചേർത്ത് കഴിക്കാം.

ഒന്ന്, രണ്ട് മാസങ്ങളിൽ:

ആദ്യമാസത്തിൽ മരുന്നുകളൊന്നും ചേർക്കാത്ത പാൽ ദഹനത്തിനനുസരിച്ച് കൊടുക്കണം. ദഹനത്തിനനുസരിച്ച് പാൽ ചേർത്തോ ചേർക്കാതെയോ ആഹാരങ്ങൾ നൽകണം. ഇരട്ടി മധുരത്തിന്റെ പൊടി തേനും വെണ്ണയും ചേർത്ത് കഴിക്കാം. കുറുന്തോട്ടിയോ തിരുതാളിയോ പാൽ കഷായം വച്ചു കഴിക്കാം. ഗർഭം അലസിപ്പോകാതിരിക്കാനുളള ഔഷധങ്ങളാണ് ഇത്. ഗർഭത്തെ ഉറപ്പിക്കാൻ ഇവ സഹായിക്കും.

മൂന്നാം മാസം:

ഞവരയരിച്ചോറ് പാൽ ചേർത്തു വേവിച്ച് കൊടുക്കാം. പാലിൽ തേനും നെയ്യും ചേർത്ത് കൊടുക്കാം. ആദ്യത്തെ മൂന്നുമാസങ്ങളിൽ ആഹാരം കഴിക്കുന്നത് വളരെ കുറവായതിനാൽ പാൽ കൊടുക്കുന്നത് ഗുണം ചെയ്യും. കഫക്കെട്ടുളളവർ പാൽ ഒഴിവാക്കുക.

രണ്ടാം ഘട്ടം

നാലാം മാസം:

15മി. ലീ ഗർഭരക്ഷാ കഷായം–60 മി.ലീ തിളപ്പിച്ചാറിയ വെളളവും ഗർഭരക്ഷിണീ ഗുളിക ഒന്നു വീതവും ചേർത്ത് രാവിലെ ഭക്ഷണത്തിന് അരമണിക്കൂർ മുമ്പ് സേവിക്കാം. വൈകുന്നേരം ഗർഭരക്ഷിണീ ഗുളിക കഴിക്കുന്നത് തുടരുകയും ചെയ്യാം. ദാഡിമാദിഘൃതം രണ്ട് സ്പൂൺ (10 മി.ലീ) ഉച്ചയ്ക്ക് ഭക്ഷണത്തിനു മുമ്പ് സേവിക്കാം.

ഹൃദയത്തിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കാൻ ഓരില ചേർത്ത പാൽക്കഷായം ഈ മാസത്തിൽ കൊടുക്കുന്നു. തലച്ചോറിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ ഉണ്ടാകാൻ വെണ്ണ ഈ സമയത്ത് വളരെ പ്രയോജനം ചെയ്യും. 5 ഗ്രാം വീതം വെണ്ണ പതിവായി കഴിക്കാവുന്നതാണ്. തൈര് കൊടുക്കണം. സൂപ്പും കൊടുക്കാം.

അഞ്ചാം മാസം:

ആഹാരത്തിൽ പാലും വെണ്ണയും ഉൾപ്പെടുത്തുക. തലച്ചോറിലെ നാഡികളുടെ പ്രവർത്തനത്തിന് വെണ്ണ പ്രയോജനപ്പെടുന്നു. ജിഎബിഎ എന്ന ന്യൂറോട്രാൻസ്മിറ്ററിന്റെ ഉൽപാദനത്തിനു വെണ്ണ ഉപയോഗപ്പെടുത്തുന്നു. ചിറ്റമൃത് ഇട്ട് കാച്ചിയ പാൽ കഴിക്കുക. മാതാവിൽ നിന്നു കുഞ്ഞിലേക്കുളള രക്തയോട്ടം ത്വരിതമാക്കാനും ഗർഭകാലത്തെ പ്രമേഹം വരാതിരിക്കാനും ഇത് സഹായിക്കും. കുഞ്ഞിന്റെ തലച്ചോറിന്റെ പ്രവർത്തനം വർധിപ്പിക്കാനും ഭാവിയിൽ അൽസ്ഹൈമേഴ്സ് രോഗം വരാതിരിക്കാനും വെണ്ണ പ്രയോജനപ്പെടുന്നു.

ആറാം മാസം:

വെണ്ണ നൽകുക. ഞെരിഞ്ഞിൽ ഇട്ട് തിളപ്പിച്ച പാലിൽ നിന്നുളള വെണ്ണ വളരെ നല്ലതാണ്. ഗർഭിണികളിൽ ഈ മാസം ഉണ്ടാകാൻ സാധ്യതയുളള അമിതരക്ത സമ്മർദം, നീര് ഇവയെ തടുക്കാൻ ഇത് നല്ലതാണ്. ആറാം മാസത്തിലാണ് കുഞ്ഞിന് പ്രതിരോധ ശേഷിയും (ഇമ്മ്യൂണിറ്റി) നിറവും രൂപപ്പെടുന്നത്. ഈ മാസം കഴിക്കുന്ന ആഹാരം സൗമ്യമായ നിറത്തോട് കൂടിയത് (കുമ്പളങ്ങ ഓലൻ പോലുളളവ) ആയിരിക്കണമെന്നും കറുത്ത നിറത്തിലുളള, എളള് ചേർന്ന, അധികം എരിവും പുളിയും ഉളള ആഹാരങ്ങൾ ഒഴിവാക്കണമെന്നും നിർദേശിക്കുന്നു. കുഞ്ഞിന്റെ നിറം വെളുപ്പോ, കറുപ്പോ എന്നതല്ല ആരോഗ്യമുളള ചർമം ഉണ്ടാകുന്നതിന് ഇവ ഫലപ്രദമാണ്.

മൂന്നാം ഘട്ടം

ഏഴാം മാസം:

ഗർഭകാലത്തെ ശുചിത്വത്തിനു വളരെ പ്രധാന്യമുണ്ട്. വേനൽക്കാലത്ത് രണ്ടു നേരം കുളിക്കണം. അതിരാവിലെയും രാത്രി വൈകിയുമുളള കുളി അരുത്. ഇളം ചൂടുവെളളത്തിൽ വേണം കുളി.

ഗർഭധാരണം മുതൽ പ്രസവം വരെ ആഹാരത്തിലും ജീവിതചര്യകളിലുമുളള ശ്രദ്ധയും ഔഷധങ്ങളും എല്ലാം ചേർന്നതാണ് ഗർഭകാലചര്യ.

6 മാസത്തിനു മുമ്പ് എണ്ണ തേപ്പ് അത്യാവശ്യമെങ്കിൽ മാത്രം ചെയ്യുക. 7 മുതൽ വയറിലും നടുവിലും കാൽവണ്ണയിലും മാറിടത്തിലും എണ്ണ പുരട്ടി (ധന്വന്തരം തൈലം, പിണ‍്ഡ തൈലം മുതലായവ) ചെറിയ ചൂടുവെളളത്തിൽ കുളിക്കാം. മുലക്കണ്ണ് ഉളളിലേക്ക് കയറിയിരുന്നവർക്ക് തൈലം പുരട്ടി മസാജ് ചെ്ത് പുറത്തേക്കു കൊണ്ടു വരാനും കഴിയും. തൈലം പുരട്ടൽ കൊണ്ടു പ്രസവാനന്തരം മുലക്കണ്ണ് വിണ്ടു കീറുന്നത് തടയാൻ കഴിയും.

കുളിക്കാനുള്ള വെള്ളം തിളപ്പിക്കുന്നതിനൊപ്പം കരിനൊച്ചിയില, വാതം കൊല്ലിയില, പുളിയില, പഴുത്ത പ്ലാവില, ആവണക്കില, കുറുന്തോട്ടി ഇവ ഏതെങ്കിലും ഉപയോഗിക്കാം.

ഏഴാം മാസം:

വയർ വലുതാകുന്നതുമൂലം വയറിന് മേലുളള ചര്‍മം വലിഞ്ഞ് വരികയും ചൊറിച്ചിൽ, നീറ്റൽ ഇവ ഉണ്ടാകാം. ചർമം പൊട്ടി ആ ഭാഗം കാലക്രമത്തിൽ വെളുത്തു വരാം. ഇവ വരുന്നതിന് മുമ്പ്, തൊലിക്ക് കൂടുതൽ ഇലാസ്തികത വരുത്താനാണ് തൈലങ്ങൾ പുറമേ പുരട്ടാൻ നിർദേശിക്കുന്നത്. ചന്ദനം വെണ്ണയിൽ ചാലിച്ചു പുരട്ടാം. കൂടുതലായി നെഞ്ചിരിച്ചിൽ ഉണ്ടാകുന്ന സമയമാണിത്. യവം ഇട്ട് കാച്ചിയ പാലോ വെളളമോ കുടിക്കാൻ ഉപയോഗിക്കുന്നതു കൊണ്ട് ഇത് കുറയുന്നു.

ഔഷധങ്ങളിട്ടു കാച്ചിയ നെയ്യ് ഏഴാം മാസം മുതൽ കൊടുത്തു തുടങ്ങുന്നു. (ദാഡിമാദിഘൃതം പോലുളളവ). ആദ്യത്തെ മാസങ്ങളിൽ ചെറിയ അളവിലാണ് നെയ്യും വെണ്ണയും കൊടുക്കുന്നത്. ശരീരസ്ഥിതി അനുസരിച്ച് ഡോക്ടറുടെ നിർദേശപ്രകാരം വേണം നെയ്യ് സേവിക്കാൻ. ഗർഭരക്ഷാ മരുന്നുകൾ ഡോക്ടർ നിർദേശിക്കുന്ന ക്രമത്തിൽ വേണം ഉപയോഗിക്കാൻ. പ്രസവാനന്തരം മുലപ്പാൽ വർധിപ്പിക്കാനും മറവി രോഗം, തേയ്മാനം ഇവ വരാതിരിക്കാനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും മലബന്ധം തടയാനും എല്ലാം നെയ്യിന്റെ ഉപയോഗം സഹായിക്കും.

എട്ടാം മാസം:

കഷായവും ഗുളികയും തുടരുകയും ദാഡിമാദിഘൃതത്തിനു പകരം എട്ടാം മാസം മുതൽ സുഖപ്രസവദഘൃതം രണ്ടു സ്പൂൺ സേവിക്കുകയും ചെയ്യാം.

ഗർഭത്തിന്റെ വളർച്ചമൂലം ഗർഭിണിക്ക് ഈ മാസം വായു കോപവും മലബന്ധവും ഉണ്ടാകാൻ സാധ്യതയുണ്ട്. വയർ വല്ലാതെ കട്ടിയായി ഇരിക്കുന്നതു പോലെയും ഇടയ്ക്കിടെ വേദന വരുന്നതായും തോന്നാം. എണ്ണ തേച്ചു കുളിയോടൊപ്പം നെയ്യ് ചേർത്ത കഞ്ഞി, മാംസം ചേരുന്ന സൂപ്പ് ചേർത്ത ആഹാരം, പാൽച്ചോറ് ഇവയിലേതെങ്കിലും കഴിക്കാം. വൈദ്യ നിർദേശപ്രകാരം നാലുദിവസത്തിലൊരിക്കൽ മലം അയഞ്ഞു പോകുന്ന ഔഷധങ്ങൾ സേവിക്കുക.

ഒമ്പതാം മാസം:

മിതമായ രസങ്ങളാണു ഗർഭകാലത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്. ഈ മാസം മുതൽ ചെറൂള സമൂലം കഴുകി ചതച്ചത് 30 ഗ്രാം കിഴി കെട്ടിയിട്ട് അര ലീറ്റർ വെളളം തിളപ്പിച്ച് 125 മി.ലി.യാക്കി അരിച്ചെടുത്ത് പാലും ചേർത്ത് കഞ്ഞിവെച്ച് അതിൽ വെണ്ണ ചേർത്ത് സേവിക്കുന്നത് നല്ലതാണ്. ഒമ്പതാം മാസം മുതൽ എണ്ണതേപ്പിനും കുളിക്കുമൊപ്പം മറ്റൊന്നു കൂടി ശ്രദ്ധിക്കണം. ചെറുചൂടിൽ തൈലം പഞ്ഞിയിലോ തുണിയിലോ മുക്കി യോനി ഭാഗത്ത് കുറച്ചു സമയം (ഏകദേശം അര മണിക്കൂർ) വയ്ക്കുക. അടിവയറിലും ഇപ്രകാരം ചെയ്യുന്നത് സുഖപ്രസവത്തെ സഹായിക്കും. അണുബാധയുളളവർ ഇത് ചെയ്യേണ്ടതില്ല.

Read Related Topic :

കുട്ടികളുടെ കണ്ണുകൾക്കുള്ള പരിചരണം. 

പ്രസവം

മറ്റ് അറിവുകൾക്കായി :

mybabysmiles.in 

0 0 vote
Article Rating

admin

Related Posts

Subscribe
Notify of
guest

This site uses Akismet to reduce spam. Learn how your comment data is processed.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments

[…] ഗർഭകാലം […]

Read also x

1
0
Would love your thoughts, please comment.x
()
x