Categories

ചേലാകർമ്മം അഥവാ സർകംസിഷൻ

ചേലാകർമ്മം അഥവാ സർകംസിഷൻ

ചേലാകർമ്മം അഥവാ സർകംസിഷൻ

ചേലാകർമ്മം അഥവാ സർകംസിഷൻ ആൺകുട്ടികളിൽ 

ചേലാകർമ്മം  എന്നാൽ ലിംഗാംഗ്രചർമ്മം പൂർണമായോ ഭാഗികമായോ നീക്കം ചെയ്യുകയാണ്  സർക്കുംസിഷൻ എന്ന ശസ്ത്രക്രിയ വഴി ചെയ്യുന്നത്. ഒരു ലഘു ശസ്ത്രക്രിയയായ ഇത് നേരിയ തോതിൽ മയക്കം നൽകിയോ ലിംഗാംഗ്രചർമ്മം മാത്രം മരവിപ്പിച്ചോ ചെയ്യാവുന്നതാണ്. നവജാത ശിശുക്കൾ മുതൽ വൃദ്ധർക്ക് വരെ പ്രായഭേദമന്യേ ചെയ്ത് വരുന്ന ഒന്നാണിത് .
ചേലാകർമ്മം ചെയ്യാനുള്ള വൈദ്യശാസ്ത്രപരമായ കാരണങ്ങൾ താഴെപ്പറയുന്നവയാണ്

  • ലിംഗാംഗ്രചർമ്മം പുറകോട്ട് വിട്ടുമാറാത്ത അവസ്ഥ
  • ലിംഗാംഗ്രചർമ്മത്തിലെ ഒട്ടലുകൾ മൂലം ഉണ്ടാകുന്ന പഴുപ്പ്
  • വിട്ടുമാറാത്ത മൂത്രത്തിൽ പഴുപ്പ് ഉണ്ടാകുന്ന ചില കേസുകൾ

💥ശ്രദ്ധിക്കേണ്ട കാര്യങ്ങൾ💥

ലിംഗാംഗ്രചർമ്മം പൂർണമായും പുറകോട്ടു മാറുന്നില്ല എന്നുള്ളതുകൊണ്ട് മാത്രം ചേലാകർമ്മം ചെയ്യേണ്ടതില്ല. 80 ശതമാനം കുട്ടികളിൽ ലിംഗാംഗ്രചർമ്മം പുറകിലോട്ട് മാറാൻ 3 വയസ്സ് ആവേണ്ടി വരാറുണ്ട്.

കുട്ടി മൂത്രമൊഴിക്കുമ്പോഴുള്ള ഒഴുക്ക് സാധാരണ ഗതിയിലാണെങ്കിൽ ഈ പ്രായത്തിൽ ചേലാകർമ്മത്തിന്റെ ആവശ്യമില്ല.രണ്ടു വയസ്സിന് ശേഷം ആവശ്യമെങ്കിൽ സ്റ്റീറോയ്ഡ് അടങ്ങിയ ലേപനങ്ങൾ ലിംഗാംഗ്രചർമ്മത്തിന്റെ ഒട്ടലുകൾ നീക്കാനായി നിർദ്ദേശിക്കപ്പെടാറുണ്ട്. മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ആൺകുട്ടികളുടെ മൂത്രനാളിയുടെ സുഷിരം കാണത്തക്ക രീതിയിൽ ലിംഗാംഗ്രചർമ്മം നീക്കാൻ കഴിയുന്നു എന്ന് ഉറപ്പു വരുത്തുകയാണ് .

💥ഗുണഫലങ്ങൾ💥

സത്രീ പുരുഷ ലൈംഗിക ബന്ധത്തിലൂടെയുള്ള എച്ച്.ഐ.വി രോഗത്തിന്റെ വ്യാപനം ചേലാകർമ്മം ചെയ്യപ്പെട്ടവരിൽ കുറഞ്ഞിരിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഹ്യൂമൻ പാപ്പില്ലോമ വൈറസ് അണുബാധ ,ലിംഗത്തിലുണ്ടാകുന്ന ക്യാൻസർ ,സിഫിലിസ് പോലുള്ള ലൈംഗിക രോഗങ്ങൾ എന്നിവയും ‘ചേലാകർമ്മം’ ചെയ്യപ്പെട്ടവരിൽ കുറഞ്ഞിരിക്കുന്നു. പാപ്പില്ലോമ വൈറസിന്റെ വ്യാപനം തടയുന്നത് വഴി ജീവിത പങ്കാളിക്ക് ഗർഭാശയമുഖ അർബ്ബുദം വരുന്നതിനുള്ള സാധ്യതയും കുറയുന്നു.

💥ചേലാകർമ്മം ഒഴിവാക്കേണ്ട സാഹചര്യങ്ങൾ💥

ലിംഗ നിർണയം സാധ്യമല്ലാത്ത തരത്തിലുള്ള ലിംഗത്തിന്റെ ഘടനാ വൈജാത്യങ്ങൾ, മൂത്രനാളിയുടെ സ്ഥാന വ്യതിയാനം ഉണ്ടാകുന്ന ഹൈപ്പോ സ്പാഡിയാസ് , എപ്പിസ്പാഡിയാസ് എന്നിവ , ലിംഗത്തിനുണ്ടാകുന്ന വളവ് , രക്തം കട്ടപിടിക്കാതിരിക്കുന്ന ഹീമോഫീലിയ പോലുള്ള അസുഖങ്ങൾ എന്നിവ ഉള്ളവർ ചേലാകർമ്മത്തിന് വിധേയരാവരുത്.

💥സങ്കീർണതകൾ💥

താരതമ്യേന വളരെ സുരക്ഷിതമായ ഒന്നാണ് ചേലാകർമ്മ ശസ്ത്രക്രിയ എങ്കിലും രക്തസ്രാവം ,അണുബാധ എന്നിവ ഇതിനെത്തുടർന്ന് ഉണ്ടാകാം. അണുവിമുക്തമാക്കാത്ത ഉപകരണങ്ങൾ ഉപയോഗിച്ച് അനാരോഗ്യപരമായ അന്തരീക്ഷത്തിൽ ,വിദഗ്ദ്ധരല്ലാത്ത ആളുകൾ ( ഒസ്സാൻമാർ തുടങ്ങിയവർ ) ഈ ശസ്ത്രക്രിയ നടത്തുമ്പോൾ പാർശ്വഫലങ്ങൾ ഏറുന്നു .ഇത്തരത്തിൽ സർകംസിഷൻ നടത്തുമ്പോൾ കുട്ടികൾ അനുഭവിക്കുന്ന വേദന ഭാവിയിൽ വേദനയോട് തീവ്രമായി പ്രതികരിക്കുന്ന സ്വഭാവ വിശേഷം കുട്ടികളിൽ സൃഷ്ടിക്കപ്പെടാൻ ഇടയാക്കാം.

ചേലാകർമ്മത്തിന് മുമ്പ് ലിംഗ പരിശോധന നിർബ്ബന്ധമാണ്. ലിംഗത്തിന്റെ ഘടനാവൈജാത്യം, മൂത്രനാളിയുടെ സ്ഥാന വ്യതിയാനം, ലിംഗത്തിന് വളവ് തുടങ്ങിയവ ഇല്ലെന്ന് ഉറപ്പു വരുത്തണം. മൂത്രനാളിയുടെ സ്ഥാന വ്യതിയാനം നേരെയാക്കുന്നതിനായി ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് ലിംഗാംഗ്രചർമ്മം ആവശ്യമായി വരുന്നതിനാൽ ഇത്തരം കേസുകളിൽ സർകംസിഷൻ ചെയ്യാൻ പാടുള്ളതല്ല.
അതു കൊണ്ട് തന്നെ മതപരമായതുൾപ്പടെയുള്ള എല്ലാ ചേലാകർമ്മവും വിദഗ്ദ്ധരായ ഡോക്ടർമാർ തന്നെ നടത്തുന്നതായിരിയ്ക്കും അഭികാമ്യം.

💥ചേലാകർമ്മം കഴിഞ്ഞാൽ💥

സുന്നത്ത് കല്യാണം ഒരാഘോഷമാണ് ,പ്രത്യേകിച്ചും മലബാർ മേഖലയിൽ. സുന്നത്ത് കഴിഞ്ഞ കുട്ടിയെ കാണാൻ നിരവധി ബന്ധുമിത്രാദികൾ വരുന്നു… സമ്മാനങ്ങളുടേയും കളിപ്പാട്ടങ്ങളുടേയും പെരുമഴ. കഴിഞ്ഞില്ല … വിശിഷ്ട വിഭവങ്ങൾ തീറ്റിക്കാനുള്ള മത്സരമാണ് പിന്നെ. നാലു നേരവും പരസ്യത്തിൽ പറയുന്ന പോഷക പ്പൊടികൾ ,മുട്ട ,നെയ്യ് ,എണ്ണപ്പലഹാരങ്ങൾ മുതലായവ നിർബന്ധം.ശരീരപുഷ്ടി വരുത്താൻ ഉദ്ദേശിച്ച് നൽകുന്ന ഇത്തരം ആഹാരം ആരോഗ്യത്തിന് നന്നല്ല എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.

ചേലാകർമ്മം കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങൾ

  • ചേലാകർമ്മം കഴിഞ്ഞ കുട്ടി ആവശ്യാനുസരണം വെള്ളം കുടിക്കണം.
  • വേദന ഒഴിവാക്കാനായി മടി കാണിച്ചേക്കാമെങ്കിലും സമയാസമയങ്ങളിൽ മൂത്രമൊഴിയ്ക്കാൻ കുട്ടിയെ പ്രേരിപ്പിക്കണം.
  • മൂത്രമൊഴിച്ചതിനു ശേഷം ലിംഗാഗ്രം വെള്ളമൊഴിച്ച് വൃത്തിയാക്കുകയും വായു തട്ടി ഉണങ്ങാൻ അനുവദിക്കുകയും വേണം.
  • അനാവശ്യമായി സർകംസിഷൻ കഴിഞ്ഞ ഭാഗത്ത് തൊടരുത്.
  • നേരിയ തോതിൽ സ്രവമോ പൊറ്റ പിടിച്ചത് പോലെയോ ശസ്ത്രക്രിയ കഴിഞ്ഞ ഭാഗത്ത് കണ്ടാൽ ഭയപ്പെടേണ്ടതില്ല.എന്നാൽ രക്തസ്രാവമോ പഴുപ്പോ കണ്ടാൽ ഉടൻ ഡോക്ടറെ കാണേണ്ടതാണ്.
  • നിർദ്ദേശിക്കപ്പെട്ട മരുന്നുകൾ യഥാസമയം കഴിയ്ക്കുവാനും ലേപനങ്ങൾ പുരട്ടുവാനും ശ്രദ്ധിയ്ക്കുക .

💥ലിംഗപരിപാലനം💥

കുളിക്കുമ്പോഴും മൂത്രമൊഴിച്ചു കഴിഞ്ഞും ലിംഗാഗ്ര ചർമ്മം പുറകോട്ട് നീക്കി വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കണം എന്ന പാഠം നാം ആൺകുട്ടികൾക്ക് പകർന്നു നൽകണം.ലിംഗാഗ്രചർമ്മം പുറകോട്ട് നീക്കിയതിന് ശേഷം മാത്രമൊഴിക്കുന്നതും ഒരു നല്ല ആരോഗ്യ ശീലമാണ്.

സിപ്പുള്ള ട്രൗസറും പാന്റ്സും ധരിപ്പിക്കുന്നതിന് മുമ്പ് അടിവസ്ത്രം ധരിപ്പിക്കുന്നത് ശീലമാക്കുന്നത് സിപ്പിൽ ലിംഗാഗ്രം കുടുങ്ങി വേദന തിന്നുന്നതിൽ നിന്നും കുട്ടികളെ രക്ഷിക്കും.

ഏറ്റവും പ്രധാനം ,വ്യക്തി ശുചിത്വം പാലിക്കുന്നതു വഴി ചേലാകർമ്മം നടത്തേണ്ടതായി വരുന്ന പല കാരണങ്ങളും ഒഴിവാക്കാം എന്നതാണ്.

അടിക്കുറിപ്പ് : ഇതിന്റെ ഗുണഫലങ്ങൾ കണ്ട് എന്നാലിത് എല്ലാ പുരുഷന്മാരും നിർബന്ധമായും ചെയ്യേണ്ട ഒന്നായി ശുപാർശ ചെയ്തു കൂടെ എന്ന ചോദ്യത്തിന് ലോകാരോഗ്യ സംഘടന നൽകിയ ഉത്തരം ഗുണഫലങ്ങളുണ്ടെങ്കിലും അത്തരത്തിൽ ശുപാർശ ചെയ്യാൻ മാത്രമില്ല എന്ന രീതിയിലാണ്.

Read ;

മുരിങ്ങയില – കുട്ടികളുടെ ഭക്ഷണത്തിൽ

കുട്ടികൾ രണ്ട് തരം

ടി ടി ഇൻജെക്ഷൻ

ശാഠ്യക്കാരായ കുട്ടികളെ നിയന്ത്രിക്കാം!

0 0 vote
Article Rating

admin

Related Posts

Subscribe
Notify of
guest

This site uses Akismet to reduce spam. Learn how your comment data is processed.

0 Comments
Inline Feedbacks
View all comments

Read also x

0
Would love your thoughts, please comment.x
()
x