Categories

വിളർച്ച

വിളർച്ച

വിളർച്ച

വിളർച്ച ഏതു പ്രായക്കാരിലും ഉണ്ടാകാം. ഇരുമ്പിന്റെ കുറവുമൂലം ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിന്റെ അളവിലുണ്ടാകുന്ന കുറവാണു വിളര്‍ച്ചയുടെ പ്രധാന കാരണം. വിറ്റാമിന്‍ ബി12, ഫോളിക് ആസിഡ് എന്നിവയും ചുവന്ന രക്താണുക്കളുടെ പ്രവര്‍ത്തനത്തിന് അവശ്യം. ഇവയുടെ കുറവും വിളര്‍ച്ചയ്ക്കു കാരണമാകുന്നു. വിറ്റാമിന്‍ സി അടങ്ങിയ ആഹാരം ഇരുമ്പിന്റെ ആഗിരണത്തിനു സഹായകം.

വിളർച്ച

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു സാധാരണനിലയില്‍ നിന്നു കുറയുന്നതാണു വിളര്‍ച്ചയ്ക്കു കാരണം. ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ തന്മാത്രയാണു ഹീമോഗ്ലോബിന്‍. ഹീമോഗ്ലോബിന്‍ നിര്‍മാണത്തിന് ഇരുമ്പ് അത്യന്താപേക്ഷിതം. ശരീരമാകമാനം ഓക്‌സിജന്‍ എത്തിക്കുകയാണ് ഇതിന്റെ ജോലി. വിളര്‍ച്ചയുളളവരില്‍ കോശസമൂഹങ്ങളിലെത്തുന്ന ഓക്‌സിജന്റെ അളവില്‍ കുറവുണ്ടാകുന്നു.

കാര്യങ്ങൾ

  • രക്തം നഷ്ടമാകുന്നതു വിളര്‍ച്ചയ്ക്കു കാരണമാകുന്നു. അപകടങ്ങള്‍ മൂലം ഉണ്ടാകുന്ന മുറിവുകള്‍, ആമാശയ അള്‍സര്‍, സ്ത്രീകളിലെ മാസമുറ തുടങ്ങിയവ രക്തനഷ്ടത്തിനിടയാക്കുന്നു. രക്തം നഷ്ടപ്പെടുമ്പോള്‍ ഹീമോഗ്ലോബിനും രക്തകോശങ്ങളും ഉത്പാദിപ്പിക്കുന്നതിനു ശരീരത്തിനു കൂടുതല്‍ ഇരുമ്പ് ആവശ്യമായി വരുന്നു. എന്നാല്‍ മതിയായ തോതില്‍ ഇരുമ്പ് ലഭ്യമാക്കാന്‍ ശരീരത്തിനു കഴിയുന്നില്ല. അതാണു വിളര്‍ച്ചയ്ക്കു കാരണമാകുന്നത്.
  • ഗര്‍ഭകാലത്തും ഇരുമ്പിന്റെ കുറവുണ്ടാകാറുണ്ട്. ഇതു വിളര്‍ച്ചയ്ക്ക് ഇടയാക്കുന്നു.
  • വിറ്റാമിന്‍ ബി12, ഫോളിക് ആസിഡ് എന്നിവയും ചുവന്ന രക്താണുക്കളുടെ പ്രവര്‍ത്തനത്തിന് അവശ്യം. ഇവയുടെ കുറവും വിളര്‍ച്ചയ്ക്കു കാരണമാകുന്നു.
  • ബോണ്‍മാരോയ്ക്കുളളിലാണ് ചുവന്ന രക്താണുക്കളുടെ പിറവി. ബോണ്‍ മാരോയ്ക്കു കേടു സംഭവിച്ചാല്‍ ചുവന്ന രക്താണുക്കളുടെ എണ്ണത്തില്‍കുറവുണ്ടാകും. അത് എപ്ലാസ്റ്റിക് അനീമിയയ്ക്കു കാരണമാകുന്നു.
  • ചിലപ്പോള്‍ സിക്കിള്‍ സെല്‍ അനീമിയ പോലെയുളള പാരമ്പര്യഘടകങ്ങളും ചുവന്ന രക്താണുക്കളെ നശിപ്പിക്കുന്നു. അതാണ് ഹീമോളിറ്റിക് അനീമിയ.
  • ഹൃദയത്തില്‍ സ്ഥാപിച്ചിരിക്കുന്ന വാല്‍വുകളും ചിലപ്പോള്‍ ചുവന്ന രക്താണുക്കളുടെ നാശത്തിനു കാരണമാകാറുണ്ട്.
  • കാന്‍സര്‍, കുടല്‍ സംബന്ധമായ അസുഖങ്ങള്‍, വൃക്ക തകരാര്‍, റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങളുളളവര്‍ക്കും വിളര്‍ച്ച ഉണ്ടാകുന്നു.

ലക്ഷണങ്ങൾ

  • വിളർച്ച തുടങ്ങി മാസങ്ങളോളം ലക്ഷണങ്ങള്‍ പ്രകടമാവില്ല. കടുത്ത ക്ഷീണം, നിദ്രാലസ്യം, തലകറക്കം എന്നിവ ക്രമേണ പ്രകടമാകുന്നു. വിളര്‍ച്ച കടുത്താല്‍ ശ്വാസംമുട്ടല്‍, തലവേദന, ഹൃദയമിടിപ്പിന്റെ തോതില്‍
  • വ്യതിയാനം, നഖത്തില്‍ പൊട്ടല്‍, വായില്‍ വ്രണം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകുന്നു.പേശികള്‍ക്കു ബലക്ഷയമുണ്ടാകുന്നു. ത്വക്കിന്റെ നിറം മഞ്ഞയാകുന്നു. രക്തസമ്മര്‍ദം കുറയുന്നു. മുഖം വിളറുന്നു.ശരീരഭാരത്തിലുളള കുറവും വിളര്‍ച്ചയുടെ ലക്ഷണമാണ്.

ഗര്‍ഭിണികള്‍ ശ്രദ്ധിക്കുക

ഏതു പ്രായക്കാരെയും വിളര്‍ച്ച ബാധിക്കാം. കുട്ടികള്‍, 75 വയസിനു മേല്‍ പ്രായമുളളവര്‍, കൗമാരക്കാര്‍ തുടങ്ങിയവര്‍ക്കാണു വിളര്‍ച്ചാസാധ്യത കൂടുതല്‍. ഇരുമ്പ്, വിറ്റാമിന്‍ ബി12, ഫോളിക് ആസിഡ് എന്നിവ കുറവുളള ഭക്ഷണം കഴിക്കുന്നവരില്‍ ഇതിനുളള സാധ്യത ഏറെ. ഗര്‍ഭിണികള്‍ക്കും സസ്യഭക്ഷണം മാത്രം കഴിക്കുന്നവര്‍ക്കും വിളര്‍ച്ചാസാധ്യത കൂടുതല്‍.

വിളര്‍ച്ച കുട്ടികളില്‍

നവജാതശിശുക്കളില്‍വിളർച്ച സാധ്യത കുറവാണ്. എന്നാല്‍ ഇരട്ടക്കുട്ടികളില്‍ ഇതിനു സാധ്യതയുണ്ട്. ആര്‍എച്ച് രോഗമുളളവരിലും(അമ്മയുടെ രക്തത്തിലെ ആന്റി ബോഡികള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ രക്തകോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥയാണിത്.ആര്‍എച്ച് നെഗറ്റീവ് രക്തമുളള അമ്മമാരിലാണ് ഇതുണ്ടാകുന്നത്.) വിളര്‍ച്ചയ്ക്കു സാധ്യതയുണ്ട്.

ഇരുമ്പ് അടങ്ങിയ ആഹാരം മതിയായ തോതില്‍ കഴിക്കാത്തതാണു കുട്ടികളിലെ വിളര്‍ച്ചയ്ക്ക് അടിസ്ഥാനം. കൗമാരപ്രായത്തിലുളള പെണ്‍കുട്ടികളിലും ഇരുമ്പിന്റെ അളവു കുറയാനുളള സാധ്യത ഏറെയാണ്. ഇരുമ്പിന്റെ കുറവ് തലച്ചോറിന്റെ വികാസത്തിനു തടസമാകുന്നതായി ഗവേഷകര്‍. പെരുമാറ്റപ്രശ്‌നങ്ങള്‍ക്കും ബുദ്ധിവൈകല്യങ്ങള്‍ക്കും ഇതിടയാക്കുന്നു.

ചികിത്സ

വിളര്‍ച്ചയുടെ കാരണം കണെ്ടത്തി ചികിത്സിക്കുകയാണ് ഉചിതം. ഇരുമ്പിന്റെ കുറവാണു കാരണമെങ്കില്‍ അതു ധാരാളമുളള ഭക്ഷണം കഴിക്കുക.

ഇരുമ്പ് അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍

മൃഗങ്ങളുടെ കരള്‍, പച്ചക്കറികള്‍, മുട്ട, ചീര, ഏപ്രിക്കോട്ട്, തവിടുകളയാത്ത ധാന്യങ്ങള്‍, ഏത്തപ്പഴം, പ്ലം, ആപ്പിള്‍, ശതാവരി, ഇലക്കറികള്‍, ഇറച്ചി(കാള, കോഴി, താറാവ്, ആട് എന്നിവയുടെ ഇറച്ചി), ചേന, ഓട്‌സ്, സോയാബീന്‍, പയര്‍, തുവര തുടങ്ങിയവ

ഭക്ഷണത്തില്‍ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ സിയുടെ സാന്നിധ്യം അത്യന്താപേക്ഷിതം. വിറ്റാമിന്‍ സി അടങ്ങിയ ആഹാരം കഴിക്കുന്നതും വിളര്‍ച്ചയകറ്റാന്‍ സഹായകം. വിറ്റാമിന്‍ ഗുളികകള്‍ കഴിക്കുന്നതിനു മുമ്പ് വൈദ്യനിര്‍ദേശം തേടുക. സ്വയംചികിത്സ ഒഴിവാക്കുക.

മുതിര്‍ന്നവര്‍ക്കുളള അയെണ്‍ ഗുളികകള്‍ കുട്ടികള്‍ക്കു നല്കരുത്. ഫോളിക് ആസിഡ് ഗുളികകള്‍ കഴിക്കുന്നതും ഡോക്ടറുടെ നിര്‍ദേശപ്രകാരമായിരിക്കണം. വിറ്റാമിന്‍ ബി 12 ന്റെ കുറവാണ് ആഡിസണ്‍സ് അനീമിയയ്ക്കു കാരണം. ഇതിനു വിറ്റാമിന്‍ ബി 12 ഗുളികകള്‍ പ്രയോജനപ്രദമല്ല. പേശികളിലെടുക്കുന്ന ഇന്‍ജക്ഷനാണ് ഇവിടെ ഗുണപ്രദം.

വിളർച്ച തടയാം

  • ഫോളിക് ആസിഡ്, ഇരുമ്പ്, വിറ്റാമിന്‍ ബി12 എന്നിവയടങ്ങിയ ആഹാരം ശീലമാക്കുക.
  • വിറ്റാമിന്‍ ബി 12 അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍
  • കോഴി, താറാവ് എന്നിവയുടെ ഇറച്ചി, മീന്‍, മുട്ട, പാല്‍, വെണ്ണ
  • ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍
  • കാബേജ്, നട്‌സ്, ഇലക്കറികള്‍,നാരങ്ങ, ശതാവരി, തക്കാളി ജ്യൂസ് തുടങ്ങിയവ
  • അള്‍സര്‍ പോലെ ഉളളില്‍ രക്തസ്രാവമുണ്ടാക്കുന്ന രോഗങ്ങളുളളവര്‍ അതു ഭേദമാകുന്നതു വരെ ചികിത്സ തുടരുക
  • മദ്യപാനം ഉപേക്ഷിക്കുക
  • സസ്യഭക്ഷണം മാത്രം കഴിക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വിറ്റാമിന്‍ ബി 12 സപ്‌ളിമെന്റുകള്‍ കഴിക്കുക.
  • ചായ, കാപ്പി, കഫീന്‍ അടങ്ങിയ മറ്റു പാനീയങ്ങള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. അത്തരം പാനീയങ്ങള്‍ ഇരുമ്പിന്റെ ആഗിരണം കുറയ്ക്കും.
  • ആഹാരം പാകം ചെയ്യാന്‍ ഇരുമ്പുപാത്രങ്ങള്‍ ഉപയോഗിക്കുക. ഭക്ഷണത്തില്‍ സാലഡ് ഉള്‍പ്പെടുത്തുക.
  • രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു കൂട്ടാന്‍ തേന്‍ കഴിക്കുക. തേനില്‍ ഇരുമ്പ്, കോപ്പര്‍, മാംഗനീസ് എന്നിവയടങ്ങിയിരിക്കുന്നു.
  • വിറ്റാമിന്‍ സി അടങ്ങിയ ആഹാരം (മുളക്, പേരയ്ക്ക, കോളിഫ്‌ളവര്‍, പപ്പായ, ഓറഞ്ച്, നാരങ്ങ, തക്കാളി, ആപ്പിള്‍, ഏത്തപ്പഴം, ഉരുളക്കിഴങ്ങ്, മുന്തിരിങ്ങ, കാബേജ്, തണ്ണിമത്തന്‍, ഉളളി, കാരറ്റ് തുടങ്ങിയവ) കഴിക്കുക. ഇരുമ്പിന്റെ ആഗിരണത്തിനു വിറ്റാമിന്‍ സി സഹായകം
  • ഇരുമ്പ് അടങ്ങിയ ആഹാരമോ ഗുളികയോ കഴിക്കുമ്പോള്‍ കാല്‍സ്യം അടങ്ങിയ ഭക്ഷണം ഒഴിവാക്കുക. കാല്‍സ്യം ഇരുമ്പിന്റെ ആഗിരണം കുറയ്ക്കും.

 

Read ;

വയറിന്റെ അസ്വസ്ഥത

കുട്ടികളുടെ കണ്ണുകൾ – പരിചരണവും സംരക്ഷണവും

മുടികൊഴിച്ചിൽ

മറ്റ് അറിവുകൾക്കായി :

mybabysmiles.in 

0 0 vote
Article Rating

admin

Related Posts

Subscribe
Notify of
guest

This site uses Akismet to reduce spam. Learn how your comment data is processed.

0 Comments
Inline Feedbacks
View all comments

Read also x

0
Would love your thoughts, please comment.x
()
x