Categories

സംസ്കാരം – നമ്മുടെ നാട്

സംസ്കാരം – നമ്മുടെ നാട്

സംസ്കാരം – നമ്മുടെ നാട്

സംസ്കാരം എന്നാൽ ഒരു സമൂഹത്തിന്റെ സ്വഭാവരീതികൾ, ജീവിതരീതികൾ, കലാചാതുര്യം, വസ്ത്രധാരണം, ഭാഷ, ആചാരങ്ങൾ , വിനോദങ്ങൾ, വിശ്വാസരീതികൾ തുടങ്ങിയവയാണ്.

നമ്മൾ ഭാരതീയർക്ക് 16 സംസ്കാരങ്ങൾ ഉണ്ടെന്ന് എല്ലാവർക്കും അറിയാമല്ലോ. ഇതിലെ കുഞ്ഞുങ്ങളുമായി ബന്ധപെട്ട സംസ്കാരങ്ങൾ ഏതൊക്കെ ആണെന്നും അത് എങ്ങനെ അനുഷ്‌ഠിക്കണമെന്നും അതിന്റെ സവിശേഷതകള്‍ എന്തൊക്കെയാണെന്നും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

കുഞ്ഞിന്റെ കണ്ണെഴുത്ത്

✅കുട്ടിയെ കണ്ണെഴുതിക്കുന്ന ചടങ്ങ്‌ ചിലരെങ്കിലും കൊണ്ടാടാറുണ്ട്‌. കുട്ടി ജനിച്ച്‌ ഒമ്പതാം ദിവസം രാവിലെ കുളിപ്പിച്ച്‌ കണ്ണെഴുതിക്കാം. ഇതിന്‌ സാധാരണ കണ്‍മഷി ഉപയോഗിക്കാന്‍ പാടുള്ളതല്ല.

✅ കണ്ണില്‍ ആദ്യം പുരട്ടേണ്ട കണ്‍മഷി ഉണ്ടാക്കുന്നതിന്‌ ചില പ്രത്യേകതകള്‍ ഉണ്ട്‌. കയ്യോന്നിനീരും നാരങ്ങാനീരും തുല്യമായി ചേര്‍ത്തതില്‍ വെള്ളമുണ്ടിന്റെ കഷ്‌ണം മുക്കി ഉണക്കി അത്‌ പ്ലാവിന്‍ വിറക്‌ കത്തിക്കുന്ന നാളത്തില്‍ കത്തിച്ച്‌ കിട്ടുന്ന കരിയില്‍ നെയ്യ്‌ ചേര്‍ത്ത്‌ കണ്‍മഷി തയ്യാറാക്കാം.

✅കുഞ്ഞിനെ തെക്കേട്ട്‌ തലവരുന്ന രീതിയില്‍ മടിയില്‍ കിടത്തി കിഴക്ക്‌ ദര്‍ശനമായി തിരിഞ്ഞുനിന്ന്‌ വലതുകൈയിലെ മോതിരവിരല്‍കൊണ്ട്‌ ആദ്യം ഇടതുകണ്ണിലും പിന്നീട്‌ വലതുകണ്ണിലും മഷിയെഴുതിക്കണം.

പേരിടൽ 

✅കുഞ്ഞിന്‌ പേരിടുന്ന ചടങ്ങ്‌ വളരെ ആഘോഷപൂര്‍വ്വമായിട്ടാണ്‌ ഇന്ന്‌ നടത്തുന്നത്‌. കുട്ടിജനിച്ച്‌ 12-ാം നാളില്‍ പേരിടല്‍ നടത്തുന്നത്‌ ഉത്തമമാണ്‌. എന്നാല്‍ സാധാരണയായി 28-ാം ദിവസമാണ്‌ പേരിടുന്നത്‌. കിഴക്ക്‌ ദര്‍ശനമായി അച്‌ഛനോ, മുത്തച്‌ഛനോ, മുത്തശ്ശിയോ, അമ്മാവനോ കുട്ടിയെ മടിയിലിരുത്തി വേണം പേരിടേണ്ടത്‌.

✅കുട്ടിയുടെ ഇടതുചെവി വെറ്റിലകൊണ്ട്‌ അടച്ചുവച്ച്‌ വലതുചെവിയില്‍ മൂന്നുതവണ പേര്‌ വിളിക്കണം. ശേഷം വലതുചെവി അടച്ചുപിടിച്ച്‌ ഇടത്‌ ചെവിയില്‍ മൂന്നുതവണ പേര്‌ വിളിക്കണം. ചെവി അടച്ചുപിടിക്കാന്‍ ഉപയോഗിക്കുന്ന വെറ്റിലയുടെ ഞെട്ട്‌ മുകളിലും വാല്‍ താഴെയുമായിട്ട്‌ വേണം പിടിക്കുവാന്‍.

✅ ചിത്തിര, വിശാഖം, തൃക്കേട്ട, പൂരം, പൂരാടം, പൂരൂരുട്ടാതി, അശ്വതി, ആയില്യം, ഭരണി, കാര്‍ത്തിക എന്നീ നാളുകള്‍ ഒഴികെ ബാക്കി എല്ലാ നാളുകളും പേരിടാന്‍ യോഗ്യമാണ്‌. ചൊവ്വ, ശനി, കുട്ടിയുടെ പിറന്നാള്‍ ദിനം എന്നിവ പേരിടാന്‍ യോഗ്യമല്ല.

വാതിൽ പുറപ്പാട് 

✅കുട്ടി ജനിച്ച്‌ മൂന്നാം മാസത്തില്‍ പൗര്‍ണ്ണമിപക്ഷത്തിലെ ആദ്യ ഞായറാഴ്‌ച കുട്ടിയെ വീടിന്‌ പുറത്ത്‌ കൊണ്ടുവന്ന്‌ സൂര്യനെ കാണിക്കണം. ഈ പതിവാണ്‌ വാതില്‍പ്പുറപ്പാട്‌ എന്നറിയപ്പെടുന്നത്‌. നാലാം മാസത്തില്‍ പൗര്‍ണ്ണമി ദിവസം കുട്ടിയെ പൂര്‍ണ്ണചന്ദ്രനെ കാണിക്കുന്നതും ഉത്തമമാണ്‌.

തൊട്ടിൽ കെട്ടൽ 

✅കുട്ടി ജനിച്ച്‌ 56 ദിവസം കഴിഞ്ഞ്‌ കുട്ടിയെ തൊട്ടില്‍ കെട്ടി അതില്‍ കിടത്തുന്ന ഒരു പതിവുണ്ട്‌. വീടിന്റെ തെക്ക്‌ കിഴക്കേ മൂല തൊട്ടില്‍ കെട്ടാന്‍ യോഗ്യമല്ല. തെക്ക്‌ പടിഞ്ഞാറ്‌ ഭാഗത്ത്‌ തൊട്ടിലുകെട്ടുന്നത്‌ ഉത്തമമാണ്‌. തൊട്ടിലില്‍ കിടത്തുമ്പോള്‍ കുട്ടിയുടെ തല കിഴക്കോട്ടോ, തെക്കോട്ടോ ആവുന്നതാണ്‌ നല്ലത്‌. തെക്കുനിന്നും പടിഞ്ഞാറുനിന്നും തൊട്ടില്‍ ആട്ടരുത്‌. കറുത്തനിറമുള്ള വസ്‌ത്രങ്ങള്‍കൊണ്ട്‌ ഒരിക്കലും തൊട്ടില്‍ കെട്ടരുത്‌. തൊട്ടിലില്‍ മറ്റു തുണികള്‍ വലിച്ചുവാരിയിടുന്നത്‌ ശുഭമല്ല. വെളുത്തപക്ഷത്തിലെ വ്യാഴാഴ്‌ച ദിവസം കുട്ടിയെ തൊട്ടിലില്‍ കിടത്തുന്നതാണ്‌ ഉത്തമം.

ചോറൂൺ 

✅ചോറൂണിന്‌ ശുഭമുഹൂര്‍ത്തം നോക്കണം. സാധാരണയായി പെണ്‍കുട്ടികള്‍ക്ക്‌ 5-ാം മാസത്തിലും ആണ്‍കുട്ടികള്‍ക്ക്‌ ആറാം മാസത്തിലുമാണ്‌ ചോറൂണ്‌ നടത്തുന്നത്‌. കുഞ്ഞിന്റെ അമ്മയുടെ കുടുംബക്ഷേത്രത്തിലോ, അടുത്തുള്ള ക്ഷേത്രത്തിലോവച്ച്‌ വേണം ചോറൂണ്‌ നടത്താന്‍. ദേവതയ്‌ക്ക് അഭിമുഖമായി ഇരുന്ന്‌ വേണം ചോറൂണ്‌ നടത്തുവാന്‍. കുഞ്ഞിന്റെ അച്‌ഛന്‍ കുഞ്ഞിനെ മടിയിലിരുത്തി തള്ളവിരലും മോതിരവിരലും ചേര്‍ത്ത്‌ അന്നമൂട്ട്‌ നടത്തണം.

✅അശ്വതി, പുണര്‍തം, പൂയം, ഉത്രം, രോഹിണി, മകയിരം, അത്തം, ചിത്തിര, ചോതി, അനിഴം, ഉത്രട്ടാതി, രേവതി, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ നാളുകള്‍ ചോറൂണിന്‌ നല്ലതാണ്‌. കുഞ്ഞിന്റെ ജന്മനക്ഷത്രത്തില്‍ ചോറൂണ്‌ നടത്തുന്നത്‌ നല്ലതല്ല.

മുടിമുറിക്കൽ 

✅ജനിച്ചപ്പോള്‍ തന്നെയുള്ള മുടി കുട്ടിക്ക്‌ മൂന്ന്‌ വയസ്സ്‌ തികയുന്നതിന്‌ മുമ്പ്‌ തന്നെ മുറിക്കണം എന്നതാണ്‌ ആചാരം. പലരും കുട്ടിയെ ആറാംമാസത്തില്‍ തന്നെ മുടിയെടുപ്പിക്കുന്നുണ്ട്‌. ഇത്‌ കുട്ടിയുടെ തലയ്‌ക്ക് ഹാനികരമാണ്‌. ഒരു വയസ്സിനു ശേഷം മുടി എടുക്കുന്നതാണ് നല്ലത്. കുട്ടിയുടെ ജന്മമാസത്തിലോ, ജന്മനക്ഷത്രം വരുന്ന ദിവസങ്ങളിലോമുടി മുറിക്കുന്നത്‌ നല്ലതല്ല.

കാതു കുത്ത് 

✅കാതു കുത്താൻ മുഹൂർത്തം നോക്കുന്ന പതിവുണ്ട്. സാധാരണ ഒറ്റ വയസ്സുകളിൽ അതായത് ഒന്ന് മൂന്ന് അഞ്ച് വയസ്സുകളിൽ ആണ് കാത് കുത്താറ്. വലതു കാതിൽ വേണം ആദ്യം കമ്മൽ ഇടേണ്ടത്.

എഴുത്തിനിരുത്ത്‌

✅പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാലഘട്ടം ഒരു വ്യാഴ വട്ടക്കാലം ആണ്. അതായത് 12 വര്‍ഷം. അതിന്റെ നാലില്‍ ഒന്ന് പ്രായം ആയാല്‍ കുഞ്ഞിനെ എഴുത്തിനു ഇരുത്താം. അതായത് 3 വയസ്സ്.കുട്ടികൾക് മൂന്നാംവയസ്സു തികയുന്നതിനു മുൻപ് ആണ് ഇത് നടത്താറ്.

✅വിജയദശമി ദിവസം മുഹൂര്‍ത്തം നോക്കാതെയും മറ്റു ദിവസങ്ങളില്‍ മുഹൂര്‍ത്തംനോക്കിയുംഎഴുത്തിനിരുത്തുന്നു.

 

Read More:

മഞ്ഞൾ – ഗുണങ്ങൾ ഏറേ!

മുടിയുടെ ആരോഗ്യം

പാഷൻ ഫ്രൂട്ട്

മറ്റ് അറിവുകൾക്കായി :

mybabysmiles.in 

0 0 vote
Article Rating

admin

Related Posts

Subscribe
Notify of
guest

This site uses Akismet to reduce spam. Learn how your comment data is processed.

0 Comments
Inline Feedbacks
View all comments

Read also x

0
Would love your thoughts, please comment.x
()
x